Monday, October 15, 2012

കരുണാകരന്റെ നിരപരാധിത്വം തെളിയിക്കും – മുരളീധരന്‍



തിരുവനന്തപുരം: ചാരക്കേസില്‍ സി.ബി.ഐ ശുപാര്‍ശ ചെയ്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഏത് ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവായ കെ.കരുണാകരന്റെ നിരപരാധിത്വം തെളീയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മുരളീധരന്‍ പറഞ്ഞു. ഞാന്‍ നല്‍കിയ കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ മുഖ്യമന്ത്രിക്ക് ചെയ്യാം. അത് അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. കത്ത് നിരാകരിക്കുകയാണെങ്കില്‍ എനിക്ക് അടുത്ത നടപടിയിലേക്ക് കടക്കേണ്ടി വരുമെന്നും മുരളി പറഞ്ഞു.
ചാരക്കേസിനെ ചാരം മൂടാന്‍ അനുവദിക്കില്ല. കേസ് അന്വേഷിക്കാന്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ തുറന്ന് പറയണമെന്നും മുരളി പറഞ്ഞു. എ.കെ.ആന്റണിയെ ഈ കേസിലേക്ക് വലിച്ചിഴച്ചിട്ടില്ല. സി.ബി.ഐ അന്വേഷണം വേണ്ട എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും മുരളി ചോദിച്ചു.
PS: കരുണാകരന്‍ വാ തുറക്കുന്നത് രണ്ടു കാര്യത്തിനാണെന്ന് മുന്‍ മുഖ്യ മന്ത്രി നായനാര്‍ പറഞ്ഞിട്ടുണ്ട്., പാല്‍ക്കഞ്ഞി കുടിക്കാനും പിന്നെ നുണ പറയാനും . അങ്ങനെ യെങ്കില്‍ റാവുവിനെ കുറിച്ചു കരുണാകരന്‍ മുരളിയോട് പറഞ്ഞത് നേര് തന്നെയോ?
-JW

No comments: