വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ അരൂരുള്ള ജെഎസ്‌എസിന്റെ മണ്ഡലം സെക്രട്ടറി സിപി ബാബു നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. നാല് മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മകന്റെയും മകളുടെയും പേരില്‍ 35 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിട ഹോട്ടലുകള്‍ വെള്ളാപ്പള്ളി വാങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ആഢംബര ഫ്ലാറ്റുകളും സ്ഥലവും വെള്ളാപ്പള്ളി വാങ്ങിയിട്ടുണ്ടെന്നും എസ്‌എന്‍ഡിപി യോഗത്തിന്റെ പണവും ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പില്‍ നിന്നുള്ള ചില രേഖകളും പരാതിക്കാരന്‍ ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: വാണിജ്യ നികുതി നിയമം ലംഘിച്ചുവെന്ന പരാതിയില്‍ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ടി.എം. തോമസ് ഐസക്കിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
മന്ത്രിയായിരിക്കെ നിയമം ലംഘിച്ചു കശുവണ്ടി വ്യവസായികള്‍ക്ക് ഇളവ് അനുവദിച്ചെന്ന ഹര്‍ജി പരിഗണിച്ചാണു നടപടി. തോമസ് ഐസക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം. നികുതി, ഫിനാന്‍സ് വകുപ്പുകളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇളവു നല്‍കിയത്. ഇതിലൂടെ ഖജനാവിനു 96.87 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണു ഹര്‍ജിയിലെ ആരോപണം.
തിരുവനന്തപുരം സ്വദേശി ഡി. വേണുഗോപാലാണ് ഹര്‍ജി നല്‍കിയത്. മൂന്നു മാസത്തിനുള്ളില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു
PS: തെക്ക് നിന്നും വടക്കുനിന്നും വിജിലിന്‍സ് അന്വേഷണം, ഒടുക്കം എന്താകുമോ?
JW